പ്ലസ് ടു നിര്‍ബന്ധമില്ല; ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് ഇനി ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം, ഡിപ്ലോമയും ഐടിഐയും യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് ഇനി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം.

പുതിയ ഉത്തരവ് പ്രകാരം, ഐടിഐ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററല്‍ എൻട്രി വഴിയും പ്രവേശനം നേടാനാകും. 2027-28 അധ്യയന വർഷം മുതല്‍ ഈ പുതിയ സംവിധാനം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പ്രാബല്യത്തില്‍ വരും. സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാർഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും അക്കാദമിക് പുരോഗതി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ, പ്ലസ് ടു പഠിക്കാത്തതിന്റെ പേരില്‍ ബിരുദ പഠനത്തിന് അവസരം നഷ്ടപ്പെട്ടിരുന്ന നിരവധി വിദ്യാർഥികള്‍ക്ക് ഇനി ഉന്നത വിദ്യാഭ്യാസ നേടാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *